സംവിധായകര്‍ക്ക് എന്തുപറ്റി? ജനപ്രിയ ചിത്രങ്ങളുമായി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന ഐ വി ശശി, ഫാസില്‍, രാജസേനന്‍, ഷാജി കൈലാസ്..എന്നിവരൊക്കെ ഇന്നൊരു ഹിറ്റിനായി കൊതിക്കുകയാണ്. നല്ല തിരക്കഥകള്‍ ലഭിക്കാത്തതാണോ അതോ പ്രേക്ഷകരുടെ അഭിരുചികള്‍ക്കനുസരിച്ചു മാറാന്‍ കഴിയാത്തതാണോ ഇവരുടെ പ്രശ്നമെന്ന് പിടിയില്ല. ഇങ്ങനെ ഗതകാല പ്രതാപത്തെ അയവിറക്കിക്കൊണ്ട് കഴിയുന്ന സംവിധായകനാണ് ടി എസ് സുരേഷ് ബാബുവും. കാല്‍നൂറ്റാണ്ട് മുമ്പ് മള്‍ട്ടി സ്റ്റാര്‍ ചിത്രമായ 'ഇതാ ഇന്ന് മുതല്‍' തുടങ്ങി കോട്ടയം കുഞ്ഞച്ചന്‍, കിഴക്കന്‍ പത്രോസ്, പ്രായിക്കര പാപ്പാന്‍, ഉപ്പുകണ്ടം ബ്രദേഴ്സ് തുടങ്ങിയ ഹിറ്റുകള്‍ മലയാളത്തിനു സമ്മാനിച്ച സുരേഷ് ബാബു തിരിച്ചുവരവ് ലക്ഷ്യമിട്ട് എടുത്ത ചിത്രമാണ് സുരേഷ്ഗോപി നായകനായ കന്യാകുമാരി എക്സ്പ്രസ്. എന്നാല്‍ സുരേഷ് ബാബുവിനോടുള്ള എല്ലാ ആദരവോടും കൂടി പറയട്ടെ, ഇതൊരു അറുബോറന്‍ ചിത്രമാണ്. ഒന്നേമുക്കാല്‍ മണിക്കൂര്‍ തിയറ്ററില്‍ ഇരുന്നാലും ഒരെത്തും പിടിയും കിട്ടാത്ത ചിത്രം.
വജ്രവ്യാപാരിയായ സത്താറാമിന്റെ(ഷാനവാസ്) മകള്‍ ഹേമയെ(സരയൂ) ഒരു രാത്രി ചിലര്‍ തട്ടിക്കൊണ്ടു പോകുന്നു. 25 കോടിയുടെ വജ്രക്കല്ലുകള്‍ ആണ് അവര്‍ മോചന ദ്രവ്യമായി ആവശ്യപ്പെടുന്നത്. ഈ വജ്രക്കല്ലുകള്‍ നല്‍കി ഹേമയെ മോചിപ്പിക്കാനുള്ള ചുമതല മുഖ്യമന്ത്രി(ജഗതി) ഏല്‍പ്പിക്കുന്നത് ക്ഷേത്രവാസ്‌തുകലയില്‍ തല്‌പരനായ, നീതി നിര്‍വ്വഹണത്തില്‍ കണിശക്കാരനായ ഐ പി എസ് ഓഫീസര്‍ മോഹന്‍ ശങ്കര്‍ ആചാരി(സുരേഷ് ഗോപി)യെയാണ്. എന്നാല്‍ ആ ദൗത്യത്തില്‍ അയാള്‍ പൂര്‍ണമായി പരാജയപ്പെടുന്നു. സസ്പെന്‍ഷനിലായ മോഹന്‍ ശങ്കര്‍ തന്റെ ഗവേഷണത്തിനായി കന്യാകുമാരിയിലേയ്ക്ക് തിരിക്കുകയാണ്. അവിടെ വച്ച് അയാള്‍ തന്റെ ശത്രുക്കളെ ഓരോരുത്തരെ കണ്ടുമുട്ടുന്നു. എന്നാല്‍ അയാളുടെ മുന്നില്‍ വച്ച് അവരെല്ലാം അയാള്‍ പോലുമറിയാതെ കൊല്ലപ്പെടുകയാണ്. ഭരണകൂടത്തെയും പൊലീസിനെയും ഒരു പോലെ ഞെട്ടിച്ച ഈ കൊലകളുടെയെല്ലാം സംശയത്തിന്റെ മുനകള്‍ നീണ്ടത് അയാളിലേക്കാണ്. തന്റെ നിരപരാധിത്തം തെളിയിക്കാനും യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താനും അയാള്‍ നടത്തുന്ന ശ്രമങ്ങളാണ് തുടര്‍ന്ന്.
സംവിധായകന്റെ കഥയ്ക്ക് തിരക്കഥ ചമച്ചിരിക്കുന്നത് പഴയ സ്നേഹിതന്‍ ഡെന്നിസ് ജോസഫാണ് . കുത്തഴിഞ്ഞ തിരക്കഥയും പരസ്പര ബന്ധമില്ലാത്ത, ആവശ്യത്തിലേറെ കഥാപാത്രങ്ങളും നിറഞ്ഞ ഈ ആക്ഷന്‍ പാക്കേജില്‍ ഓര്‍മയില്‍ തങ്ങി നില്‍ക്കുന്ന ഒരു നല്ല ഡയലോഗോ സീനോ കാണാന്‍ പറ്റില്ല. തന്റെ കരിയറില്‍ പോലീസ് വേഷങ്ങള്‍ ധാരാളം ചെയ്ത നടനാണ് സുരേഷ് ഗോപി എന്നത് കൊണ്ടാവാം ഇതില്‍ അദ്ദേഹത്തെ ആശാരിയായ ഒരു ഐ പി എസ് ഓഫീസറാക്കിയത്. പലപ്പോഴും ബോധമില്ലാത്ത ഒരു നായകനെയാണ് ഇതില്‍ കാണാനാവുക. കൈലിയും ഷര്‍ട്ടുമിട്ട് ചെവില്‍ പെന്‍സിലും തിരുകി മുഖമന്ത്രിയുടെ ഓഫീസില്‍ ഉത്തരവാദിത്തമുള്ള പോലീസ് ഓഫീസറെ എത്തിച്ചതിന്റെ യുക്തി അപാരം തന്നെ. എതിരാളികള്‍ പറയുന്നിടത്തെല്ലാം എത്തി(ഓടിയും ബൈക്കിലും) ഇളിഭ്യനായി തീരുന്ന നായകന്‍റെ പിന്നീടുള്ള പ്രവൃത്തികളൊന്നും ഏശുന്നില്ല. ഒടുവില്‍ സാധാ സുരേഷ് ഗോപി ചിത്രങ്ങളില്‍ കാണുന്ന ഒരു ക്ലൈമാക്സും.
നായകന്റെ സ്ഥിതി ഇതാണെങ്കില്‍ നായികയുടെ(അങ്ങനെ വിളിക്കാമോ എന്നറിയില്ല) കാര്യം എന്താവും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മദാലസയാണ് കക്ഷി. മുഖത്ത് ഷോക്കടിപ്പിച്ചാലും ഭാവം വരില്ലെന്ന വാശിയോടെ നില്‍ക്കുന്ന നായികയെ സിമ്മിംഗ് സൂട്ടിലും അര വസ്ത്രത്തിലുമൊക്കെയെ കാണാന്‍ പറ്റൂ. ജഗതിയ്ക്ക് പോലും കാര്യമായൊന്നും ചെയ്യാന്‍ അവസരമില്ലാത്ത റോളാണ് ഇതില്‍. ബാബു ആന്റണിയുടെ വില്ലന്‍ വേഷം വെറും ആര്‍ഭാടത്തില്‍ ഒതുങ്ങുന്നു. ഷാനവാസ്, ഭീമന്‍ രഘു, ലെന, കനകലത, കൃഷ്ണ,കോട്ടയം നസീര്‍, ദിനേശ് പണിക്കര്‍, കിരണ്‍ രാജ്, ബൈജു തുടങ്ങി അഭിനേതാക്കള്‍ ചവറുപോലെയാണ്. ആര്‍ക്കും ഒന്നും ചെയ്യാനില്ലെന്ന് മാത്രം. ചിത്രത്തില്‍ കന്യാകുമാരി എക്സ്പ്രസ് എന്ന പേര് നല്‍കിയത് പോലും വിചിത്രമായിരിക്കുന്നു. ഇടയ്ക്ക് നായകന്‍ 'കന്യാകുമാരി എക്സ്പ്രസ്' എന്നൊരു ബസില്‍ കുറച്ചു നേരം യാത്ര ചെയ്യുന്നുണ്ട് എന്നതാണ് ഏക ബന്ധം. എന്തൊക്കെയോ ചെയ്യണമെന്നു വച്ച സിനിമ ഒടുവില്‍ ഒരു വിധം അവസാനിപ്പിക്കുന്നതിന്റെ ഫീലാണ് കാഴ്ചക്കാരന് കിട്ടുന്നത്.
ശരത് നല്‍കിയ സംഗീതം പ്രേക്ഷകരെ ആകര്‍ഷിക്കുന്നില്ല, സെന്തില്‍ കുമാറാണ് ഛായാഗ്രാഹകന്‍. സിനിമയെ അല്‍പ്പം കളര്‍ഫുള്‍ ആക്കുവാന്‍ ഛായാഗ്രാഹകന് കഴിഞ്ഞിട്ടുണ്ട്. പിരമിഡ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ജി എസ് മുരളിയാണ് നിര്‍മാണം.
ഒരു കാര്യത്തില്‍ അണിയറ പ്രവര്‍ത്തകര്‍ പ്രേക്ഷകരോട് നീതി കാണിച്ചിട്ടുണ്ട്. അവരെ രണ്ടരമണിക്കൂര്‍ ബോറടിപ്പിക്കാതെ ഒന്നേമുക്കാല്‍ മണിക്കൂര്‍ കൊണ്ട് എല്ലാം അവസാനിപ്പിച്ചു. അത്രയും പുണ്യം.
വാതില്‍പ്പുറം
എട്ടുപത്തു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് സുരേഷ്ബാബു സിനിമാ സംവിധാനം എന്ന സാഹസത്തിനു മുതിര്‍ന്നത്. സീരിയലുകള്‍ ആയിരുന്നു ഈ സമയത്ത് ആശ്വാസം. ഇത്തരം ചിത്രങ്ങള്‍ എടുത്ത് അതുകൂടി ഇല്ലാതാക്കരുത്. ഉപ്പുകണ്ടം ബ്രദേഴ്സിന്റെ രണ്ടാം ഭാഗത്തിനെങ്കിലും ശോഭനമായ ഒരു ഭാവി നേരുന്നു(അത് പഴയ സംവിധായകന്‍ എന്ന പരിഗണന വച്ച് മാത്രം)
i can see the pic's but
ReplyDeletecan't read what it sais.
i'll try again later...
thnks.
How to Attract Ladies