'അടിമ'യാക്കിയവര്‍ക്ക് എതിരെ ബോളിവുഡ് സുന്ദരി പ്രീതി സിന്റെ നിയമയുദ്ധത്തിനൊരുങ്ങുന്നു. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് തെറ്റായ വാര്‍ത്ത നല്‍കിയ വെബ്സൈറ്റുകളെ പാഠം പഠിപ്പിക്കാന്‍ തന്നെയാണ് നടിയുടെ തീരുമാനം. തനിക്കെതിരെ വാര്‍ത്ത നല്‍കിയ ബോളികറി ഡോട്ട് കോം, ഫാഷന്‍ സ്കാന്‍ഡല്‍ ഡോട്ട് കോം, ദേശി ഗേള്‍സ് ഡോട്ട് യുഎസ് തുടങ്ങി ഏഴോളം വെബ്സൈറ്റുകള്‍ക്കെതിരെ കോടിക്കണക്കിന് രൂപ മാനനഷ്ടമായി ആവശ്യപ്പെട്ടാണ് പ്രീതി കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
പ്രീതി സിന്റെ കൊക്കെയിന്‍ ഉപയോഗിക്കുന്നുവെന്നും ഒരു കൊക്കെയിന്‍ ഡീലറുടെ ഫോണില്‍ പ്രീതിയുടെ പേരും അവര്‍ ഇതുപയോഗിക്കുന്നതായുള്ള ചിത്രവും കണ്ടെന്നും സൈറ്റുകളില്‍ റിപ്പോര്‍ട്ടു വന്നത് ചൂടേറിയ വാര്‍ത്തയായിരുന്നു. മാത്രമല്ല, അമേരിക്കയില്‍ റിഹാബിലിറ്റേഷന്‍ പരിപാടിയില്‍ പ്രീതി പങ്കെടുത്തെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു. സൈറ്റുകളില്‍ വാര്‍ത്തയ്ക്കൊപ്പം പ്രീതിയുടെ ചിത്രവും നല്‍കിയിരുന്നു.
താനൊരിക്കലും ഒരു മയക്കമരുന്നും ഉപയോഗിച്ചിട്ടില്ലെന്നും ഈ വാര്‍ത്ത തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടുള്ളതാണെന്നും പ്രീതി സിന്റെ പറയുന്നു. തന്റെ ഇമേജിനും താരമൂല്യത്തിനും മയക്കുമരുന്ന് വാര്‍ത്തകള്‍ മൂലം കോട്ടം സംഭവിച്ചുവെന്നും പ്രീതി ചൂണ്ടിക്കാട്ടി. വാര്‍ത്തയ്ക്കെതിരെ പ്രീതി മുംബൈ സൈബര്‍ സെല്ലിലും പരാതി നല്‍കിയിട്ടുണ്ട്. വാര്‍ത്തയുടെ ഉറവിടത്തെക്കുറിച്ച് പ്രൈവറ്റ് ഡിറ്റക്‌ടീവ് ഏജന്‍സിയെ വച്ച് പ്രീതി നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഡല്‍ഹിയില്‍ നിന്നാണ് ഉത്ഭവമെന്ന് അറിവായിട്ടുണ്ട്.
ഇതിന് പിന്നില്‍ ആരായാലും അവരെ വെറുതെ വിടില്ലെന്നാണ് പ്രീതിയുടെ മുന്നറിയിപ്പ്. ബോളിവുഡില്‍ നിലവില്‍ ഒറ്റ ചിത്രം പോലും ഇല്ലാത്ത പ്രീതിയ്ക്കു മയക്കുമരുന്ന് വാര്‍ത്ത കൂനിന്‍മേല്‍ക്കുരുവായിരിക്കുകയാണ്.
No comments:
Post a Comment