Saturday, December 4, 2010

നാം ഒരു പാട് മാറേണ്ടിയിരിക്കുന്നു സുകുമാരി



അരനൂറ്റാണ്ടിലേറെ നീണ്ട അഭിനയ പാരമ്പര്യം, രണ്ടായിരത്തിലധികം സിനിമകള്- സുകുമാരി ഇന്ത്യന്‍ സിനിമയിലെ അത്ഭുതമായി മാറുകയാണ്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി അങ്ങയറ്റം പരിശ്രമിക്കുന്ന സുകുമാരി, മോഹന്‍ സംവിധാനം ചെയ്യുന്ന 'ഗ്രാമ'ത്തിന് വേണ്ടി തല മുണ്ഡനം ചെയ്താണ് അഭിനയിക്കുന്നത്. 'ഗ്രാമ'ത്തിന്റെ ലൊക്കേഷനില്‍ വച്ച് സുകുമാരി 'മോളിവുഡ് ഫോക്സി'നോട് സംസാരിക്കുന്നു.

ഒരു കഥാപാത്രത്തിന് വേണ്ടി തല മുണ്ഡനം ചെയ്യുന്നത് ആദ്യമായിട്ടാണോ?

അതെ. സിനിമയില്‍ എത്തിയിട്ട് 56 വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഓരോ സിനിമയിലും വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചിരിക്കുന്നത്. പക്ഷേ, ഇത്രയും കാലത്തിനിടയ്ക്ക് ആദ്യമായിട്ടാണ് ഒരു കഥാപാത്രത്തിന് വേണ്ടി തല മുണ്ഡനം ചെയ്യുന്നത്. ഗ്രാമത്തിന്റെ സംവിധായകനായ മോഹനെ എനിക്ക് വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ അറിയാം. മോഹനാണ് ഗ്രാമത്തിന്റെ കഥ എന്നോട് പറഞ്ഞത്‌. കഥ കേട്ടപ്പോള്‍ വളരെയധികം കൗതുകം തോന്നി. ബ്രാഹ്മണ വൃദ്ധയായ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ വിഗ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കാമായിരുന്നു. എന്നാല്‍ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി മുടി മുറിയ്ക്കാന്‍ ഞാന്‍ തയാറാകുകയായിരുന്നു.
മലയാള സിനിമയിലെ കഥയില്ലായ്മ്മയെ എങ്ങനെ കാണുന്നു?

സത്യത്തില്‍ നാം ഒരു പാട് മാറേണ്ടിയിരിക്കുന്നു. പഴയ ട്രെന്റിന്റെ അടിസ്ഥാനത്തില്‍ നിലയുറപ്പിച്ച് നില്‍ക്കാതെ സിനിമയിലെ പുതിയ രീതികള്‍ പഠിക്കാനാണ് നാം ശ്രമിക്കേണ്ടത്. അതല്ലെങ്കില്‍ നമ്മള്‍ പിറകിലായിപ്പോകും. കഥയിലും കഥാപാത്രങ്ങളുടെ സൃഷ്ടിയിലും പുതുമ വേണം. എങ്കില്‍ മാത്രമേ പുതിയ വഴികളിലൂടെ സഞ്ചരിക്കാന്‍ മലയാള സിനിമയ്ക്ക് കഴിയുകയുള്ളൂ. സ്ഥിരമായി ചൈനീസ് ഫുഡ് കഴിക്കുന്ന ഒരാള്‍ വിശന്നു വലയുമ്പോള്‍ ചൈനീസ് ഫുഡിനുവേണ്ടി കാത്തിരിക്കാതെ മറ്റേതെങ്കിലും ഭക്ഷണം കഴിക്കാറില്ലേ. അതുപോലെ പുതിയ വിഭവങ്ങളാണ് മലയാള സിനിമയില്‍ പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത്.
പുതിയ സംവിധായകരെ എങ്ങനെ വിലയിരുത്തുന്നു?

പുതിയ തലമുറയിലെ ചെറുപ്പക്കാരെല്ലാം പ്രതിഭയുള്ളവരാണ്. അവര്‍ക്ക് പുത്തന്‍ സങ്കേതത്തിലൂടെ സിനിമയെടുക്കാനറിയാം. എങ്കിലും പുതിയ സംവിധായകര്‍ക്ക് ചുറ്റുപാടും നടക്കുന്ന മാറ്റങ്ങളെക്കുറിച്ച് പഠിക്കാന്‍ കഴിയണം. തമിഴില്‍ ധാരാളം യുവസംവിധായകരും നടന്‍മാരും പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. ഇത്തരം പരീക്ഷണങ്ങള്‍ കണ്ടുപഠിക്കാന്‍ നമ്മുടെ യുവസംവിധായകര്‍ക്ക് കഴിയണം. തീര്‍ച്ചയായും മലയാള സിനിമയെ പുതുമകളുമായി മുന്നോട്ടു നയിക്കാന്‍ കഴിവുറ്റ സംവിധായകര്‍ക്കും കഥാകൃത്തുക്കള്‍ക്കും കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല.
മലയാളത്തില്‍ അമ്മവേഷങ്ങള്‍ ഇല്ലാതാവുകയാണോ?

മലയാള സിനിമയിലെ കഥകളില്‍ അമ്മമാരുടെ റോള്‍ പൂര്‍ണമായും ഇല്ലാതാവുകയാണെന്ന് പറയാന്‍ കഴിയില്ല. കഥകളുടെ പ്രത്യേകതകള്‍ക്കനുസരിച്ച് ചില സിനിമകളില്‍ അമ്മമാര്‍ വേണമോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കുന്നത് കഥയെഴുത്തുകാരാണ്. കഥയില്‍ അമ്മമാര്‍ ഇല്ലാതാവുന്നതോടെ അമ്മവേഷം ചെയ്യുന്ന ആര്‍ട്ടിസ്റ്റ്കള്‍ക്കും ബുദ്ധിമുട്ടുണ്ടാവും.
സിനിമയിലെ തിരക്കുകള്‍ക്കിടയിലും നാടകങ്ങളില്‍ അഭിനയിക്കാറുണ്ടല്ലോ?

ചെറുപ്പം മുതലേ നാടകത്തോട് എന്തെന്നില്ലാത്ത താല്‍പ്പര്യമാണ്.സിനിമയിലെ തിരക്കുകള്‍ക്കിടയിലും നിരവധി നാടകങ്ങളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ചോ രാമസ്വാമിയുടെ നാടകങ്ങളിലാണ് കൂടുതലും അഭിനയിച്ചിട്ടുള്ളത്. ഇപ്പോഴും നാടകങ്ങളില്‍ അഭിനയിക്കാറുണ്ട്.
സിനിമാഭിനയത്തിലെ അരനൂറ്റാണ്ട്?

നിറഞ്ഞ സംതൃപ്തിയാണ് എനിക്കുള്ളത്. ഞാന്‍ കടന്നുവന്ന വഴികളെക്കുറിച്ച് ചിന്തിക്കാറുണ്ട്. സത്യന്‍ മാഷിന്റെയും മധു സാറിന്റെയും നസീര്‍ സാറിന്റെയും കൂടെയൊക്കെ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അരനൂറ്റാണ്ടിലധികം കാലത്തെ അനുഭവങ്ങള്‍ മനസ്സില്‍ നിറയുകയാണ്. വര്‍ഷത്തില്‍ 40 പടങ്ങളില്‍ വരെ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ സെറ്റുകളില്‍ പുതിയ തലമുറയിലെ അഭിനേതാക്കളോടൊപ്പം സംസാരിച്ചിരിക്കാറുണ്ട്. പതിനേഴു വയസായ പെണ്‍കുട്ടികളുടെ സംസാരവും അവരുടെ ഇഷ്ടങ്ങളും കൗതുകത്തോടെ കേട്ടിരിക്കാനുമൊക്കെ ഞാന്‍ സമയം കണ്ടെത്തുന്നു. പുതിയ കുട്ടികളുടെ സംഭാഷണം എനിക്ക് ആസ്വദിക്കാന്‍ കഴിയുന്നുവെന്നതാണ് സത്യം.

No comments:

Post a Comment